Tuesday 12 February 2013

സ്‌നേഹത്തിന്റെ ഒരു പേജ്‌

      ''ഹലോ ഇത് മാനുവല്‍ ജോണിന്റെ പപ്പയല്ലേ?''
      ''അതേ''
       ''ഗുഡ് മോണിംഗ്, ഇത് മാനുവലിന്റെ ക്ലാസ്സ് ടീച്ചറാണ്. സ്റ്റെല്ലാ പോള്‍''
      ''ഗുഡ് മോണിംഗ് ടീച്ചര്‍''
      ''ഒരു കാര്യം ചോദിക്കാനായിരുന്നു. ഇന്ന് ഒരു പത്തുപത്തരയ്ക്കുള്ളില്‍ ഒന്നിവിടെ വരെ വരാമോ?''
      "വരാം. എന്താണു ടീച്ചര്‍ കാര്യം? അവന്‍ വല്ല കുഴപ്പവും കാണിച്ചോ?''’
      "അയ്യോ, അവനൊന്നും കാണിച്ചതുകൊണ്ടല്ല. അവന്‍ ഞങ്ങള്‍ക്കേറ്റം പ്രിയപ്പെട്ട കുട്ടിയാണ്. മറ്റൊരു കാര്യം പറയാനാണ്.''
      "ശരി ടീച്ചര്‍ ഞാന്‍ പത്തേകാലിന് എത്തിയേക്കാം.''
      പറഞ്ഞതുപോലെ മാനുവേല്‍ ജോണിന്റെ പപ്പ കൃത്യസമയത്തുതന്നെ സ്കൂളിലെത്തി. ക്ലാസ്സുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. സ്റ്റെല്ല ടീച്ചര്‍ അയാളെ കാത്തിരിക്കുകയായിരുന്നു. അയാള്‍ കടന്നുവന്നപ്പോള്‍ ടീച്ചര്‍ അയാളെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവര്‍ക്കു നേരെ എതിരെയുള്ള  കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് അയാളോട് ഇരിക്കുവാന്‍ പറഞ്ഞു. ചെറിയ ഉത്കണ്ഠയോടെ അയാള്‍ ഇരുന്നു.
       "എവിടെയാണു ജോലി ചെയ്യുന്നത്?''
       "താലൂക്കോഫീസില്‍ പ്യൂണ്‍ ആണ്.''
       "അപ്പോള്‍, തീര്‍ച്ചയായും ഈ കുറിപ്പ് ചേട്ടനു വായിക്കുവാന്‍ പറ്റും.''
      ടീച്ചര്‍ ഒരു കൈയെഴുത്തുപുസ്തകം അയാള്‍ക്കു നേരെ നീട്ടി. പിന്നെ പറഞ്ഞു:
      "ഇത് നാലാംക്ലാസ്സിലെ കുട്ടികളുടെ കൈയെഴുത്തുപുസ്തകമാണ്. ഇതിലെഴുതുന്നതിന് അവര്‍ക്ക് സ്കൂളില്‍ നിന്നും ഒരു വിഷയം കൊടുത്തിരുന്നു. "ഇത്തവണത്തെ ഓണം നിങ്ങള്‍ക്ക് എങ്ങനെയുള്ളതായിരുന്നു'' എന്നതായിരുന്നു വിഷയം. ഇതില്‍ ചേട്ടന്റെ മകന്‍ മാനുവേല്‍ ജോണും എഴുതിയിട്ടുണ്ട്. ചേട്ടന്‍ പ്രധാനമായും നോക്കേണ്ടത് അതാണ്.''
      അയാള്‍ പുസ്തകം വാങ്ങി. പുസ്തകത്തിന്റെ പുറംചട്ടയില്‍ വാട്ടര്‍പെയിന്റുകൊണ്ട് ഒരു പൂവിനേയും ചിത്രശലഭത്തേയും വരച്ചു വച്ചിരുന്നു. ആ ചിത്രങ്ങള്‍ അയാള്‍ക്കു ഭയങ്കര കൗതുകമായി. അതിനു താഴെ ആ പുസ്തകത്തിന് "പൂമ്പൊടി' എന്ന പേരും കൊടുത്തിരുന്നു. ആ പേരും അയാള്‍ക്ക് ഇഷ്ടമായി.
      അയാള്‍ സന്തോഷത്തോടെയും അല്പം ആകാംക്ഷയോടെയും ആ പുസ്തകത്തിന്റെ പേജുകള്‍ മറിച്ചു മറിച്ചു ചെന്നു. തന്റെ മകന്‍ എഴുതിയ പേജിലേക്കെത്തുന്നതിന് ഒരു തരം ആവേശം പോലും തനിക്കുണ്ടെന്ന് അയാള്‍ക്കു സ്വയം തോന്നി. ഒടുവില്‍ അയാള്‍ ആ പേജിലെത്തി. ആ പേജില്‍ മൂന്നു പേരുടെ കുറിപ്പുകളുണ്ടായിരുന്നു.
      ആ മൂന്നു കുഞ്ഞെഴുത്തുകാരുടെ പേര് ചുവന്ന അക്ഷരത്തില്‍ അയാള്‍ ഇപ്രകാരം വായിച്ചു.
      "ബീന എസ്, സിന്ധു ബി, അജ്മല്‍ യൂനസ്, മാനുവേല്‍ ജോണ്‍.'
      സ്വാഭാവികമായും അയാള്‍ മാനുവേല്‍ ജോണ്‍ എന്ന തന്റെ മകന്‍ എഴുതിയ കുറിപ്പിലേക്കെത്തി.
ഒരു കുഞ്ഞിന്റെ മനോഹരമല്ലാത്ത, എന്നാല്‍ ഹൃദയം കവരുന്ന കൈപ്പടയില്‍ സത്യത്തിന്റെ തിളക്കമുള്ള ഭാഷയിലുള്ള അവന്റെ കൈപ്പാടുകളിലൂടെ അയാള്‍ സഞ്ചരിച്ചു.
       "എന്റെ ഓണം'' എന്ന തലക്കെട്ടിനു താഴെ ഇപ്രകാരം എഴുതിയിരുന്നു:
       "എന്റെ ഇപ്രാവശ്യത്തെ ഓണം തുടങ്ങിയത് ഒരു ക്യൂവില്‍ നിന്നായിരുന്നു.
       ഞാന്‍ റേഷന്‍കടയിലെ ക്യൂവിലും
       അമ്മ മാവേലിസ്റ്റോറിലെ ക്യൂവിലും
       പപ്പ ബിവറേജസിന്റെ ക്യൂവിലുമായിരുന്നു.
      ഓണത്തലേന്ന് ഞങ്ങള്‍ ക്യൂവിലായിരുന്നു....
      ഓണത്തിന്‍നാള്‍ ആറുകൂട്ടം കറിയും
      ചൂടാറാത്ത ചോറും, പര്‍പ്പടകവും പായസവും
      ചേര്‍ത്ത് ഞാനും അനുജത്തിയും ചോറുണ്ടു.
     അമ്മ കണ്ണുനീരുണ്ടു. കാരണം,
     ബിവറേജസില്‍ നിന്നു കൊണ്ടു വന്ന സാധനം
     കുടിച്ച് പപ്പ എഴുന്നേല്‍ക്കാനാവാത്ത
     അവസ്ഥയില്‍ കിടപ്പിലായിപ്പോയി.
     ഇതിനെല്ലാത്തിനും കാരണം തലേന്നാളത്തെ ക്യൂവായിരുന്നു.
     പപ്പയോടു ഞങ്ങള്‍ക്കാര്‍ക്കും വഴക്കു തോന്നിയില്ല.
     പപ്പയെ ഞങ്ങള്‍ക്കു കണ്ടമാനം ഇഷ്ടമാണ്.
     പപ്പയ്ക്കു ഞങ്ങളേയും. പപ്പ ഞങ്ങള്‍ക്കു
     വേണ്ടതെല്ലാം തരുന്നു.
     വീട്ടില്‍ ഓണവും ക്രിസ്മസ്സും
     കൊണ്ടുവരുന്നതും പപ്പയാണ്. എങ്കിലും,
     അടുത്ത ഓണം മുതലെങ്കിലും
     ഞങ്ങള്‍ നാലുപേരും
     ഒന്നിച്ചിരുന്നുണ്ടിരുന്നെങ്കില്‍..
     എനിക്കു കൊതിയാവുന്നു.
     എനിക്കു കരച്ചില്‍ വരുന്നു....'
     അത്രയും വായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും അയാള്‍ക്കും കരച്ചില്‍ വന്നു കഴിഞ്ഞിരുന്നു. അയാള്‍ മുഖമുയര്‍ത്താതെ ഇരുന്നപ്പോള്‍ ടീച്ചര്‍ അയാളോടു പറഞ്ഞു. ചേട്ടാ, കുഞ്ഞുങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല. അവര്‍ ബ്ലോട്ടിംഗ് പേപ്പര്‍ പോലെ എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കുന്നുണ്ട്. അവര്‍ക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അവര്‍ കാണുന്നുണ്ട്. അവന്റെ കുഞ്ഞുമനസ്സിലെ ആശകള്‍ ഇത്രയൊക്കെയേ ഉള്ളൂ. ഒരുമിച്ചിരുന്നുള്ള ഒരോണം, ഒരു നല്ല വാക്ക്, നോക്ക്, ഇതിനൊക്കെ നമ്മള്‍ സമയം കണ്ടെത്തണം. ഞാന്‍ പറഞ്ഞതിനേക്കാള്‍ നല്ലതുപോലെ ആ കുറിപ്പ് ചേട്ടനോടു കാര്യങ്ങള്‍ പറഞ്ഞിരിക്കുമല്ലോ?
      അയാള്‍ തലകുലുക്കി. പിന്നെ പതിയെ ചോദിച്ചു. ""ടീച്ചര്‍ എന്റെ മകനെ ഇപ്പോള്‍ എനിക്കൊന്നു കാണാനൊക്കുമോ?'' ടീച്ചര്‍ ചിരിച്ചു.
     "ഇപ്പോള്‍ പറഞ്ഞുവിടാം.'' ടീച്ചര്‍ ക്ലാസ്സിലേക്കു പോയി.
     ആ കുറിപ്പ് വായിച്ച് അവസാനിപ്പിച്ച ആ നിമിഷം മുതല്‍ അയാള്‍ ഇനിമേല്‍ കുടിക്കുകയേയില്ല എന്ന പ്രതിജ്ഞയെടുത്തുകഴിഞ്ഞിരുന്നു.
      മകന്റെ കൈകളിലേക്കും മനസ്സിലേക്കും പകരുന്നതിനുള്ള സ്‌നേഹം നിറഞ്ഞുവഴിയുന്ന കണ്ണുകളോടെ അയാള്‍ മകന്‍ കടന്നുവരേണ്ട വഴിയിലേക്കു നോക്കിയിരുന്നു....

39 comments:

  1. മനസ്സില്‍ തട്ടുന്നൊരു കഥ. മാനുവല്‍ ജോണിന്റെ അക്ഷരങ്ങളിലൂടെ ഈ കഥ നമ്മുടെ ഹൃദയങ്ങളോടു സംവദിക്കുന്നു. നല്ല ശൈലി. ആശംസകള്‍...

    ReplyDelete
  2. നല്ല കഥ
    നല്ല സന്ദേശം

    ReplyDelete
  3. തോമസ്‌ വളരെ ഹൃദയസ്പര്‍ശിയായി ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പരം ഇവിടെയവതരിപ്പിച്ചു
    വായിച്ചു ഒടുവിലെതിയെപ്പോഴേക്കും സത്യത്തില്‍ ഹൃദയത്തില്‍ ഒരു വിങ്ങല്‍ തേങ്ങല്‍ അനുഭവപ്പെട്ടു
    അടുത്തിടെ വായിച്ച കഥകളില്‍ ഏറ്റവും നന്നായിപ്പറഞ്ഞ കഥ.
    അടുത്ത ഓണം മുതലെങ്കിലും
    ഞങ്ങള്‍ നാലുപേരും
    ഒന്നിച്ചിരുന്നുണ്ടിരുന്നെങ്കില്‍..
    എനിക്കു കൊതിയാവുന്നു.
    എനിക്കു കരച്ചില്‍ വരുന്നു....' ഈ വരികള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ഉണ്ടായ വികാരം
    എന്തെന്നു കുറിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല
    വീണ്ടും ഇവിടെ എഴുതുക ഈ വെബ്‌ ഉലകത്തിലേക്കു സ്വാഗതം.
    പിന്നെ ഇവിടെ ഒരു followers button etc ചേര്‍ക്കുക ബെഞ്ചി കൂടുതല്‍ പറയും/
    വീണ്ടും കാണാം
    നന്ദി നമസ്കാരം
    PS: വെബ്‌ ലോകത്തിലേക്ക്‌ പുതുതായി കടന്നുവന്ന കഥാകാരനെ പരിജയപ്പെടുത്തിയ ബെഞ്ചിക്കും നന്ദി

    ReplyDelete
    Replies
    1. priya suhruthe
      snehapoorvam
      thomas p kodiyan

      Delete
    2. സുഹൃത്തേ
      ഈ കഥയെപ്പറ്റി ഒരു പോസ്റ്റ്‌ എന്റെ ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നു അതിവിടെ വായിക്കുക.
      ആശംസകള്‍


      പൂങ്കാറ്റ്‌: സ്‌നേഹത്തിന്റെ ഒരു പേജ്‌ (കഥ) ഒരു ചെറു അവലോകനം

      Delete
    3. Nice story sir........I like it very much......

      Delete

  4. പറയേണ്ട കാര്യം ഒരു കുഞ്ഞു മനസ്സിലൂടെ പറഞ്ഞപ്പോൾ അത്‌ മനസ്സിൽ തട്ടി. കുഞ്ഞുങ്ങളുടെ ചെയ്തികൾക്ക്‌ അങ്ങിനെ ഒരു ശക്തിയുണ്ട്‌. നല്ല കഥ. ആശംസകൾ

    ReplyDelete
    Replies
    1. priya suhruthe
      vayanaykkum Abhiprayathinum nandi
      thomaspkodiyan

      Delete
  5. ഹൃദയസ്പര്‍ശിയായി.
    ഭാവുകങ്ങള്‍ .....
    ഇനിയും എഴുതുക.....

    ReplyDelete
  6. കുട്ടികളില്‍ കാണുന്നത് അച്ഛനമ്മമാരുടെ പ്രതിബിംബങ്ങള്‍ ആണ് !
    ആശംസകള്‍

    ReplyDelete
  7. ആ കുഞ്ഞുമനസ്സിന്റെ വളരെ കുഞ്ഞ് ആവശ്യങ്ങൾ അവൻ മനസ്സിൽ ഒളിച്ചുവച്ചില്ല. അതവൻ വേണ്ടതു പോലെ പ്രയോഗിച്ചു. അതവന്റെ മനസ്സ് വായിച്ചറിയാൻ അഛന് അവസരം കിട്ടി.
    അത് ഹൃദയത്തിൽ തൊട്ടു. അവിടെ ‘ഒരു ക്ലിക്ക്!!!‘
    അങ്ങനെ ഹൃദയത്തിൽ തൊട്ടുള്ള ഒരു ക്ലിക്ക് മതിയാകും അധികം പേർക്കും ഈ ഊരാക്കുടുക്കുകളിൽ നിന്നും രക്ഷപ്പെടാൻ....!!
    കഥ വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.
    ആശംസകൾ...

    ReplyDelete
    Replies
    1. vayanaykum abhiprayathinum nandi
      thomaspkodiyan

      Delete
  8. നന്നായി ..പക്ഷെ മൂന്നു ഫോളോവര്‍ബട്ടണ്‍ ഉണ്ടെങ്കിലും ഒന്നും വര്‍ക്ക്‌ ചെയ്യുന്നില്ല ..ശ്രദ്ധിക്കുമല്ലോ

    ReplyDelete
    Replies
    1. nandi
      njan oru navagathananu
      bloging Padichukondirikkunnunnatheyullu.

      Delete
  9. മാതാപിതാക്കള്‍ അറിഞ്ഞിരിക്കുക മക്കള്‍ ബ്ലോട്ടിംഗ് പേപ്പര്‍ പോലെ എല്ലാം ഒപ്പിയെടുക്കുന്നുണ്ടെന്നു . നല്ല ഓര്‍മ്മപ്പെടുത്തലുകള്‍ . ഹൃദയത്തില്‍ തട്ടി .

    ReplyDelete
  10. ഹൃദയസ്പര്‍ശിയായി എഴുതി . കുഞ്ഞു മനസ് കാണാന്‍ കഴിയുന്നു .

    http://bloghelpline.cyberjalakam.com/

    മുകളിലത്തെ ലിങ്ക് നോക്കുക . ഒരു നവാഗത ബ്ലോഗ്ഗര്‍ക്ക് ആവശ്യമായ എല്ലാ പഠന സാമഗ്രികളും അതിലുണ്ട് .
    വീണ്ടും കാണാം
    http://bloghelpline.cyberjalakam.com

    ReplyDelete
  11. നല്ല അവതരണഭംഗിയോടെ അവതരിപ്പിച്ച അസ്സൽ ഒരു കഥ

    ReplyDelete
  12. മനസ്സില്‍ ഏല്‍ക്കുന്ന അവതരണം നന്നായി.

    ReplyDelete
  13. ലളിതമായ ഭാഷയിലെഴുതിയ നല്ല സന്ദേശം....

    ReplyDelete
  14. മനസ്സില്‍ തറഞിറങ്ങുന്ന അനുഭവം..... ആശംസകള്‍ .....

    ReplyDelete
  15. കൊച്ചു കഥ ...ഇമ്മിണിവലിയ ആശയം

    ReplyDelete
  16. നല്ല കഥ...ഇതെല്ലാം കുഞ്ഞു മനസ്സിന്റെ വികാരങ്ങള് തന്നെ

    ReplyDelete
  17. സത്യം.. നിഷ്കളങ്കമായ കുഞ്ഞു മനസ്സിന്റെ നൊമ്പരങ്ങള്‍..`...
    നന്നായി എഴുതി.. ആശംസകള്‍...,..

    കുടിയനായ അച്ഛന്റെ ഒരു മകന്‍ ഇങ്ങനെയും ഒരിക്കല്‍ നൊമ്പരപ്പെട്ടു- അച്ഛന്‍ മരിച്ചെങ്കില്‍ - വായിക്കാന്‍ വരൂ.. http://www.vellanadandiary.com/2012/11/blog-post_13.html

    ReplyDelete
    Replies
    1. thank you.
      But, sorry. I can't open the site

      Delete
  18. കാച്ചി കുറുക്കിയ , അര്‍ത്ഥവത്തായ കഥ... ആശംസകള്‍ . വിനോദ്

    ReplyDelete
    Replies
    1. നന്ദി പ്രിയ വിനോദ്.

      Delete
  19. ഔചിത്യബോധത്തോടെയുള്ള ടീച്ചറുടെ പെരുമാറ്റം മാതൃകാപരമായി.
    സദുദ്ദേശ്യത്തോടെയുള്ള കഥ അര്‍ത്ഥവത്തായി.
    ആശംസകള്‍

    ReplyDelete