Saturday 30 January 2016




പരിണാമഗതിയിൽ അനാവശ്യമായി വന്നേക്കാവുന്ന ഒരവയവം

അടുത്തയാഴ്ച വീടു മാറുകയാണ്.
   ഇപ്പോൾ താമസിക്കുന്ന ഈ പഴയ വീട് പൊളിക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്. അച്ഛൻ പണിത വീടാണിത്. ഗൃഹനിർമ്മാണവേളയിൽ അമ്മ ആദ്യന്തം കൂടെയുണ്ടായിരുന്നു. ഒരു പക്ഷേ, അച്ഛനേക്കാളേറെ അമ്മയായിരുന്നു വീടിനുവേണ്ടി ക്ലേശിച്ചത്. എനിക്കതോർമ്മയുണ്ട്. കല്ലും വെള്ളവും ചുമന്നും മിക്‌സ് കൂട്ടിയും പണിക്കാർക്കു ഭക്ഷണമുണ്ടാക്കി നൽകിയും നട്ടെല്ലു വെള്ളമാക്കിയതാണ് അമ്മ. അച്ഛന് 'ദിനാന്ത്യക്ലേശനിവാരിണി'യായി കുറച്ചു കള്ളുണ്ടായിരുന്നു. അമ്മയ്ക്ക് അടുക്കളയും! പക്ഷേ, ഒരിക്കലും ഗൃഹനിർമ്മാണത്തിന്റെ ഉടമസ്ഥാവകാശത്തിനു വേണ്ടി അവർ കലഹിക്കുന്നതു ഞാൻ കണ്ടിട്ടില്ല. അച്ഛൻ പറഞ്ഞിരുന്നു: 'ഞാൻ പണിയിപ്പിച്ച വീടെന്ന്'.
   അമ്മ പറഞ്ഞിരുന്നു: 'പിള്ളേരുടെ അച്ഛൻ പണിയിപ്പിച്ച വീടെന്ന്'. യഥാർത്ഥ അദ്ധ്വാനികൾ എന്നും ചിത്രത്തിനു പുറത്താണല്ലോ? ചരിത്രത്തിനും?
   താജ്മഹൽ ആരു പണിതു എന്നു  ചോദിച്ചാൽ നമ്മളെല്ലാവരും പറയില്ലേ, ഷാജഹാനെന്ന്. പക്ഷേ, അദ്ദേഹം താജ്മഹൽ നിർമ്മിതിക്കുള്ള ഒരു കഷണം ഇഷ്ടികയെങ്കിലും എടുത്തുമാറ്റിയിട്ടതായി രേഖകളൊന്നുമില്ലല്ലോ?
   പുതിയ വീട്ടിലേക്ക് പഴയതൊന്നും കയറ്റേണ്ട എന്ന തീരുമാനമാണ് ഗിരീശനുള്ളത്. മൂത്തവനാണവൻ. കംപ്യൂട്ടർ മേഖലയിലെ ഗിരിശൃംഗങ്ങളിലേറി, വിമാനത്തിലേറി അമേരിക്കയിലെത്തി ഡോളറുകൾ ചാക്കിൽകെട്ടി കൊണ്ടുവരികയാണവൻ. അവന്റെ ഭാര്യയും അവിടെത്തന്നെ. ഡോക്ടറാണ്. മക്കളാണെങ്കിലും, പ്രായമാവുമ്പോൾ അവർ പറയുന്നത് കേൾക്കേണ്ട കാലമാണല്ലോ? ഇളയവരായ നിഖിലും അഖിലേഷും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ഇരുപതുകൾ കഴിഞ്ഞ അവരും കംപ്യൂട്ടർ മേഖലയിൽത്തന്നെ.
   പഴയ വീട്ടിലെ ഉപേക്ഷിക്കേണ്ടതായ ഒട്ടുമിക്കവാറും സംഗതികളെല്ലാം തന്നെ ചാക്കുകളിൽ കെട്ടിവച്ചു. സഹായത്തിന് ആരുമുണ്ടായിരുന്നില്ല. ആരും വേണ്ടതാനും. അടുക്കിപ്പെറുക്കുമ്പോൾ പൊടി പറക്കുന്നുണ്ടായിരിക്കാം. അകത്തുകിടന്ന് അമ്മ ചുമയ്ക്കുന്നത് അതുകൊണ്ടാവാം. അമ്മയ്ക്ക് രണ്ടു ദിവസമായി എന്തൊക്കെയോ അസ്വസ്ഥതകളാണ്. എഴുപത്തിരണ്ടിന്റെ, അന്യാശ്രയവിധേയവ്യഥയുടെ സമ്മിശ്രിഭാവങ്ങൾ അമ്മയിൽ മുളച്ചു തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.
   ഉപേക്ഷിക്കേണ്ട സാധനങ്ങളെന്തൊക്കെയാണെന്ന് കൃത്യമായി എനിക്കറിയണമെന്നു നിർബന്ധവുമുണ്ടായിരുന്നു. പലതും തപ്പിപ്പിടിച്ചു ചെല്ലുന്നതിനിടയിൽ അച്ഛന്റെ ട്രങ്കുപെട്ടിയും കൈയിൽപെട്ടു. വെറുമൊരു കൗതുകത്തിനു തുറന്നു നോക്കി. അച്ഛന്റെ കണ്ണട, തുണികൾ, ചില ഫോട്ടോകൾ എന്നിവയെല്ലാം അമ്മ ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. അവയ്ക്കിടയിൽ അച്ഛന്റെ ദിനാന്ത്യക്കുറിപ്പുകളും കണ്ടു. ഇരുനൂറു പേജിന്റെ വരയിട്ട മൂന്നു നോട്ടുബുക്കുകളിൽ. അതിൽ കൃത്യതയില്ലാത്ത നാൾവഴികളിലായി അച്ഛനെ ബാധിച്ച കുടുംബ, സാമൂഹ്യ, രാജ്യാന്തര പ്രശ്‌നങ്ങൾ കുറിച്ചിട്ടിരിക്കുന്നു.
   ആരുടെയും ഡയറികൾ നോക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നറിയാം. എന്നാലും എന്റെ അച്ഛന്റെ ഡയറി ഒരേയൊരു ആൺതരിയായ ഞാനെങ്കിലും കണ്ടില്ലെങ്കിൽ അതിന്റെ പിറവി വ്യർത്ഥമാകും. എന്റെ മക്കൾ അവരുടെ മുത്തച്ഛന്റെ ഡയറി വായിക്കുമെന്ന് എനിക്കു യാതൊരുറപ്പുമില്ല. കോളേജിലെ പാഠപുസ്തകങ്ങളല്ലാതെ, വർത്തമാനപത്രത്തിലെ സ്‌പോർട്‌സ് കോളവും പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും വണ്ടികളുടെയും പരസ്യങ്ങളുമല്ലാതെ മറ്റൊന്നും അവർ വായിക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല. പകരം ശരീരത്തിൽ കലികാലം ഏച്ചുകെട്ടിക്കൊടുത്തിരിക്കുന്ന ആ പുതിയ ഉപകരണം - മൊബൈൽ ഫോൺ - അവരുടെ ചെവിയിലിരുന്നു പണം തിന്നുന്നതു ഞാൻ കാണുന്നുണ്ട്.
    ('സംസാരിക്കൂ ഇന്ത്യാ സംസാരിക്കൂ' എന്ന് ഇന്ത്യൻജനതയെ അഭിവാദനം ചെയ്ത് ആഹ്വാനം ചെയ്ത 'ഐഡിയ'ക്കാരൻപോലും ഇത്രയ്ക്കങ്ങോട്ടു പ്രതീക്ഷിച്ചുകാണില്ല. തെരുവിൽ പത്തുപേർ ചേരുന്നിടത്ത് പന്ത്രണ്ടു മൊബൈലുകൾ! ഏഴെണ്ണമെങ്കിലും ചെവികളിലായിരിക്കും.)
   മറ്റു ചിലപ്പോഴവർ സ്ഥലകാലബോധമില്ലാതെ കുത്തിയിരുന്ന് വെറ്റിലയിൽ ചുണ്ണാമ്പു തേയ്ക്കുന്ന മുത്തശ്ശിമാരെപ്പോലെ മൊബൈലിന്റെ കവിളിൽ തോണ്ടിക്കൊണ്ടിരിക്കുന്നതു കാണാം. (അതു കാണുമ്പോഴൊക്കെ ഒ.വി. വിജയനെ ഓർത്തുപോകും. പണ്ടെന്നോ ഏതോ മാസികയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യനെ വരഞ്ഞുവച്ച അദ്ദേഹം ആ മനുഷ്യരൂപത്തിന്റെ കൈവിരലിലെ തള്ളവിരലിന് അസാമാന്യവലുപ്പമാണു നൽകിയത്.... ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന അവയവയത്തിനു വലുപ്പം കൂടുന്നു എന്ന പരിണാമശാസ്ത്രം!)
   എന്തുമാവാമല്ലോ അവർക്ക്? അച്ഛനു പണമുണ്ടല്ലോ. തിന്നാൽ തീരാത്ത സ്വത്തുമുണ്ടല്ലോ? സമയാസമയങ്ങളിൽ ഊണുമേശനിറയ്ക്കാൻ ഒരു അമ്മയന്ത്രവും? തൊടിയിൽ അവരറിയാതെ എത്രയെത്ര ചെടികൾ പൂക്കുന്നു? പറമ്പിൽ എത്രയെത്ര വൃക്ഷങ്ങൾ സഫലമാവുന്നു? പേരറിയാത്ത കിളികളും ചിത്രശലഭങ്ങളും എത്രയെണ്ണമാണ് ഇവിടെ തീർത്ഥാടകരായി വന്നുപോവുന്നത്?
    കുടുംബഭരദേവതയുടെ ഇരിപ്പിടമായ കാവിൽ, പലയിനം പാമ്പുകൾ മുൾപടർപ്പുകളിൽ സ്വയം കുരുക്കി മെല്ലെ മെല്ലെ ഉറയൂരി, തിളങ്ങുന്ന പുത്തനുടലുകളുമായി പുറത്തുവന്ന് അവിടുത്തെ പച്ചപ്പിനു മുകളിൽ രതിമൂർച്ചയിലെന്നപോലെ കിടന്നു കിതയ്ക്കുന്നതിലെ വന്യസൗന്ദര്യം അവർക്കാസ്വദിക്കേണ്ട.
   കാവിലെ വന്മരങ്ങൾക്കുമുകളിൽ പത്മരാഗശോഭ ചിതറി എത്രായിരം ഉദയാസ്തമയങ്ങൾ കടന്നുപോവുന്നു! എത്രയെത്ര പൗർണ്ണമികൾ! അമാവാസിരാത്രികളെ ത്രസിപ്പിക്കുന്ന മരതകവർണ്ണരാജികളുമായി കാവിനെ നന്ദനവനമാക്കുന്ന പ്രകാശദൂതരായ മിന്നാമിനുങ്ങുകളേയും അവ തലങ്ങും വിലങ്ങും പാറിനടന്നു കണിവയ്ക്കുന്ന ദീപക്കാഴ്ചകളേയും അവർക്കു കാണേണ്ട. അവരുടെ ഊണും ഉറക്കവും ഉദയാസ്തമയങ്ങളും മൊബൈലിലാണ്. മൊബൈലിനും ടാബ്‌ലെറ്റുനുമനുസരിച്ച് ശരീരവും മനസ്സും രൂപപ്പെടുത്തിയെടുത്ത പുതുപ്പിറവികൾ...   അങ്ങനെയുള്ള അവർ എന്റെ അച്ഛന്റെ ഡയറിക്കുറിപ്പുകൾ എങ്ങനെ നോക്കാൻ?
   സ്വന്തം അച്ഛന്റെ സ്വകാര്യദിനാന്ത്യക്കുറിപ്പുകൾ വായിക്കുന്നതിൽ ഇത്തിരി തെറ്റുണ്ടെങ്കിലും ഇതാണിപ്പോഴത്തെ ശരി. അക്കാലത്തെ നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അച്ഛൻ നല്ല വായനാശീലമുള്ളയാളായിരുന്നു. അതിലൂടെ സ്ഫുടം ചെയ്‌തെടുത്ത ഒരു സംസാരശൈലിയും എഴുത്തുരീതിയും അച്ഛനുണ്ടായിരുന്നു. അതുതന്നെയാണ് ദിനാന്ത്യക്കുറിപ്പുകളിലും കാണാനായത്.
   മേമ്പൊടി രാഷ്ട്രീയപ്രവർത്തനങ്ങളുമുണ്ടായിരുന്ന അച്ഛന്റെ കുറിപ്പുകളിൽ അക്കാലത്തെ ചില നേതാക്കളെയും കാലത്തെയും നാടിനെപ്പറ്റിത്തന്നെയുമുള്ള പല കാര്യങ്ങളുമെഴുതിയിരുന്നു.
   മറ്റു പല കാര്യങ്ങളോടൊപ്പം അച്ഛന്റെ ആദ്യപ്രണയത്തെപ്പറ്റിയും കുറിച്ചിട്ടിരുന്നു!
   ദാ, സ്വന്തം അച്ഛന്റെയാണെങ്കിലും, തികച്ചും വ്യക്തിപരമായ ഈ വിഷയത്തിൽ എന്റെ അത്യാകാംക്ഷ എനിക്ക് അടക്കാനാവുന്നില്ല. അമ്മയെക്കൂടാതെ ആരായിരുന്നു അച്ഛന്റെ ആ പ്രണയിനി? വരികൾക്കിടയിൽ അതിനുമുത്തരമുണ്ടായിരുന്നു. വരിക്കശ്ശേരി മഠത്തിലെ നന്ദിനിയേടത്തി. പക്ഷേ, അവരോടു പറയാത്ത പ്രണയം അച്ഛനിൽത്തന്നെ മുളച്ച് അച്ഛനിൽതന്നെ മരിച്ചതായി കാണുന്നു. ഒരു വിവാഹപൂർവ്വപ്രണയം. പാവം അച്ഛൻ. പക്ഷേ, അമ്മയുടെ സ്ഥാനത്ത് എനിക്കെന്റെ അമ്മയെ മാത്രമേ വിചാരിക്കുവാനൊക്കൂ. ആ പ്രണയഫലിതം ഇത്തിരി നൊമ്പരപ്പെടുത്തിയിരുന്നു എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതു പിന്നെ തേഞ്ഞുമാഞ്ഞുപോയത് അമ്മയുടെ വരവോടെയായിരുന്നു എന്നും.
   1966 ജനുവരി 12ലെ ഡയറി മാത്രമായിരുന്നു ഏറെ എഴുതപ്പെട്ടത്. അത് നിങ്ങളുടെ അറിവിലേക്കായി അതിൻപ്രകാരംതന്നെ ഇവിടെ പകർത്തുകയാണ്. ബ്രാക്കറ്റുകൾക്കുള്ളിൽ എന്റെ അഭിപ്രായങ്ങളും.
   ഇന്ന് കാർത്തികേയന്റെ പന്ത്രണ്ടാം പിറന്നാളായിരുന്നു. (എന്റെ!). അവന് പുതിയ ഉടുപ്പു വാങ്ങിക്കൊടുക്കുവാൻ പറ്റിയില്ല. പല പണിത്തിരക്കുകൾക്കിടയിൽ മറന്നുവെന്നുള്ളതാണു സത്യം. പക്ഷേ, 'മക്കളേ പ്രാണനെ'ന്നു പറഞ്ഞിരിക്കുന്ന ലക്ഷ്മി (ഞങ്ങളുടെ അമ്മ) അതിനെച്ചൊല്ലി പതം പറഞ്ഞുകൊണ്ടിരുന്നു.
   (ഞാനോർക്കുന്നുണ്ട്, അമ്മ പറഞ്ഞ കാര്യങ്ങൾ: ''സ്വന്തം മക്കളുടെ പിറന്നാൾ ഒരച്ഛൻ അങ്ങനെയങ്ങ് മറക്കാമോ? എന്റെ കുഞ്ഞിന് എന്തു ദെണ്ണമായിക്കാണുമെന്നറിയാമോ? ഇത്തരം വലിയ കാര്യങ്ങൾ മറന്നാൽപിന്നെ ഞങ്ങളെക്കുറിച്ച് നിങ്ങൾക്കെന്താണു ചിന്ത....? അതുങ്ങള് ആകെ മൂന്നെണ്ണമല്ലേയുള്ളു...?'' അങ്ങനെയങ്ങനെ പോയി ആ പരിദേവനങ്ങൾ).
   ഉണ്ണാനിരുന്നപ്പോഴായിരുന്നു അവളുടെ ഈ പരാതി പറച്ചിൽ. എനിക്കാണെങ്കിലെന്തോ, പറഞ്ഞറിയിക്കാനാവാത്ത അരിശവും വന്നു. കുടിച്ചിരുന്ന കള്ളും ഇത്തിരി കൂടിപ്പോയിരുന്നു. ഒന്നും രണ്ടും പറഞ്ഞ് കലിമൂത്ത ഞാൻ ചോറുപാത്രം തട്ടിത്തെറിപ്പിച്ചെറിഞ്ഞ് എഴുന്നേറ്റുപോയി. അപ്പോൾ ഞാൻ കണ്ട, ഭയന്നുവിറച്ചിരുന്ന മൂന്നു കുഞ്ഞുമുഖങ്ങൾ എന്നെയിനി എല്ലാക്കാലത്തും വേദനിപ്പിക്കും. പിറന്നാൾദിനസന്തോഷങ്ങൾ കെട്ടടങ്ങിയ വേദനയോടെ വിങ്ങിപ്പൊട്ടാറായിരുന്ന എന്റെ കാർത്തികേയന്റെ മുഖം ഞാനെങ്ങിനെ മറക്കും?
   (ആ രാത്രി ഞാനുമൊരിക്കലും മറക്കില്ല. രാത്രി ഒരു പതിനൊന്നു മണിയോടെ അച്ഛൻ നിശ്ശബ്ദപാദനായി എന്റെ കിടയ്ക്കരികിൽ വന്നതും ഞാനുറങ്ങുകയാണെന്നു കരുതി, പതിയെ, വളരെ പതിയെ, എന്റെ കാലുകളിൽ ചുംബിച്ചതും,  മുടിയിഴകൾ മെല്ലെമെല്ലെ കോതിയൊതുക്കി  നെറ്റിമേൽ ചുംബിച്ചപ്പോൾ എന്റെ നെറ്റിയിൽ ഒരു തുള്ളി കണ്ണുനീരു വീണു പൊള്ളിയതും ഞാനെങ്ങിനെ മറക്കും? അപ്പോൾ ഉള്ളിലിരമ്പിയുണർന്ന കരച്ചിലടക്കുവാൻ ഞാനെത്രമാത്രം ക്ലേശിച്ചുവെന്ന് ഇന്നും എനിക്കറിയില്ല. എന്റെ കുഞ്ഞുമനസ്സിലെ നൊമ്പരങ്ങൾ ഒപ്പിയെടുത്ത ആ ചുംബനത്തിനൊടുവിൽ അലയടങ്ങിയ കടൽപോലുറങ്ങിയ ഞാനന്ന്, അച്ഛനെ ശ്രീരാമദേവനായി സ്വപ്നം കണ്ടു. അമ്മയ്ക്കു സീതാദേവിയുടെ മുഖമായിരുന്നു. ഞങ്ങൾ ലവകുശന്മാർ മൂന്നുപേരായിരുന്നു! മിന്നാമിന്നികൾ പ്രകാശങ്ങളുരസി തെന്നിക്കളിക്കുന്ന ഏതോ വനാന്തനികുഞ്ജങ്ങളിലൂടെ ഞങ്ങളങ്ങിനെ ഏതോ വിദൂരയാത്ര പോകുന്നതായിട്ട്...)
   (സ്വപ്നത്തിനും സത്യത്തിനുമിടയിലെ യുക്തിരാഹിത്യങ്ങളിലൊന്നിന്റെ ഇളവു നൽകി നിങ്ങൾ മൂന്നു ലവകുശന്മാരെ കാണുക!).
  അതോടെ അവളുടെ പരാതികൾ പെട്ടെന്നു നിലച്ചു. അവളും ഭയംകൊണ്ടു വിറച്ചുപോയിരുന്നു. വീട്ടിലൊരിക്കലും സിംഹങ്ങളെപ്പോലെയാവരുതെന്ന് ഞാനെവിടെയോ വായിച്ചതോർമ്മവരുന്നു. അവളൊരിക്കലും എന്നിൽ കണ്ടിട്ടില്ലാത്ത ഒരു മുഖമാണ് അന്നു കണ്ടത്. ഒരക്ഷരം മിണ്ടാതെ വിതുമ്പുന്ന മുഖവുമായി അവൾ അവളുടെ 'ശ്രീകോവിലി'ലേക്കു മടങ്ങിപ്പോയി. അടുക്കളയിലേക്ക്. കുറേ നേരത്തേക്ക് അവിടെനിന്ന് യാതൊരനക്കവുമില്ലായിരുന്നു. ഒടുവിൽ, താങ്ങാനാവാത്ത ഹൃദയഭാരത്തോടെ ഞാൻ അടുക്കളയിലേക്കു ചെന്നു. അവൾ ഭയന്നുവിറച്ചെന്നവണ്ണം അടുക്കളമൂലയിൽ കാൽമുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു. അവൾക്കരുകിലിരുന്ന് ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
   (കലിയടങ്ങാത്ത അച്ഛൻ, ഇനി അമ്മയെ കൊല്ലാൻ പോവുകയാണോ എന്നു ഭയന്ന് ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കളവാതിലിനു പിന്നിൽ മറഞ്ഞുനിന്നു. എന്റെ നെഞ്ചിടിപ്പ് എനിക്കുതന്നെ കേൾക്കാമായിരുന്നു. എന്റെ ശ്വാസത്തിന് തീപ്പൊള്ളലായിരുന്നു. പക്ഷേ, അച്ഛൻ അമ്മയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചയിൽ ഞാൻ തണുത്തുതുടങ്ങി. അമ്മയോട് മാപ്പു ചോദിക്കുന്ന അച്ഛനെ ഞാൻ കണ്ടു. കുടുംബജീവിതത്തിൽ ഓരോ മാപ്പു ചോദിക്കലുകളിലും വികസിക്കുന്ന പ്രണയത്തിന്റെ അപാരമായ ആകാശസാദ്ധ്യതകൾ ഞാനറിയുകയായിരുന്നു. അമ്മ ആദ്യമൊക്കെ ചെറുതായി പ്രതിഷേധിച്ചു. പിന്നെ അച്ഛന്റെ നെഞ്ചിൽ ചാരി നിന്നു തേങ്ങിത്തേങ്ങിക്കരയുന്നതു കണ്ടു. ഒടുവിൽ അവർ രണ്ടുപേരും ചേർന്ന് അടുക്കളപ്പണികൾ തീർത്തു. അന്ന് അവർ കിടക്കാൻ പോകുമ്പോൾ പത്തുമണി കഴിഞ്ഞിരുന്നു)
   രാത്രി പതിനൊന്നു മണിയാവാറായിട്ടും എനിക്കുറങ്ങാൻ കഴിയുന്നില്ല. ഞങ്ങൾ നാലുപേർക്കുംവേണ്ടി അടുക്കളയിലെരിഞ്ഞും നുറുങ്ങിയും വിയർത്തും ബലിയായിത്തീരുന്ന അവൾ കൊണ്ടുവന്നു വിളമ്പിയ അന്നത്തോട് ഞാൻ കാണിച്ച നിന്ദയും നിർദ്ദയത്വവും എനിക്കുതന്നെ പൊറുക്കാനാവുന്നില്ല. ഒരു ഭാര്യ, ഒരു അമ്മ, തന്റെ കർമ്മപഥത്തിൽ ആഹാരമായി സ്വയം വിഘടിപ്പിക്കപ്പെട്ട് മേശമേലെത്തുകയാണ് ഓരോ ഭോജനവേളയിലും.
   ആ ഒരു വേളയിൽ ഞാനെന്തു തെറ്റായ സന്ദേശമാണ് എന്റെ മക്കൾക്കു നൽകിയത്?
   ഒരു ഭർത്താവിന് ഒരു ഭാര്യയെ അത്രമേൽ നിന്ദിക്കാമെന്നോ?
   ഒരമ്മയെ അത്രമേലപമാനിക്കാമെന്നോ.
   എന്റെ മക്കൾ അവരുടെ അമ്മയോട് അപ്രകാരം ചെയ്യാതിരിക്കട്ടെ. അവരങ്ങനെ ചെയ്താൽ ആ പാപം എന്റെ ആത്മാവിനെ ബാധിക്കട്ടെ...
   (ഈ അച്ഛൻ... ഈ അച്ഛനെന്നെ കരയിക്കും. പത്തുനാൽപത്തിയഞ്ചു കിലോ മാംസക്കൂടിനുള്ളിൽ ഒരു സ്‌നേഹക്കടലൊളിപ്പിച്ചുവച്ച അമ്മയെക്കുറിച്ചെഴുതി, അച്ഛനത്രമേൽ സ്‌നേഹിച്ച ഒരു മനുഷ്യാത്മാവിനെക്കുറിച്ചെഴുതി, അച്ഛനെന്നെ കരയിക്കും. കേട്ടോ അച്ഛാ, ദാ, അപ്പുറത്തുണ്ട് അച്ഛന്റെ പ്രിയതമ... പ്രായത്തിന്റെ പരിമിതികളിൽപെട്ടുഴന്ന്...)
   എന്റെ പശ്ചാത്താപത്തിലും വേദനയിലും മനസ്സുകൊണ്ടും ശരീരംകൊണ്ടും പങ്കുചേർന്ന ലക്ഷ്മി പരമശാന്തിയോടെ കിടന്നുറങ്ങുന്നതു ഞാൻ കാണുന്നു. നമ്മൾ നൽകുന്ന സമാധാനത്തിൽ ഒരാൾ ശാന്തമായുറങ്ങുന്നതും നമ്മൾ അദ്ധ്വാനിച്ചു നൽകുന്ന ഭക്ഷണത്തിൽ മക്കളുൾപ്പെടെയുള്ള ഈശ്വരസൃഷ്ടികൾ ഈ ഭൂമിയിൽ ആഹ്ലാദത്തോടെ ജീവിക്കുന്നതും കാണുമ്പോഴുള്ള ധന്യത എത്ര വലുതാണ്?
   (ഞങ്ങൾ മൂന്നു മക്കളെ കൂടാതെ വീട്ടിൽ രണ്ടു പശുക്കളും ഏതാനും ആടുകളും കുറേ കോഴികളുമൊക്കെയുണ്ടായിരുന്നു. അവയ്‌ക്കെല്ലാം തീറ്റയിട്ടുകൊടുത്ത്, അവ അതു തിന്നുന്നതു നോക്കി നിൽക്കുന്നത് അച്ഛന് ഏറെ പ്രിയപ്പെട്ട സംഗതിയായിരുന്നു. അവയ്ക്കു കുഞ്ഞുങ്ങളുണ്ടാവുമ്പോൾ അവയെ കൊഞ്ചിച്ച് അവയോടൊപ്പം ഏറെ നേരം ചിലവഴിക്കുന്നതും അച്ഛന് വളരെയിഷ്ടമായിരുന്നു).
   മക്കളോടു ചേർന്നുനിന്ന് ഭർത്താവിനെയും, കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇവിടുത്തെ ജീവജാലങ്ങളെ സ്‌നേഹിക്കുകയും വളർത്തുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവളുടെ പ്രിയപ്പെട്ടവനായി പുനർജനിക്കാനാണെനിക്കിഷ്ടം. അവളുടെ വിളികൾക്ക് അവളുടെ മക്കളും അവളുടെ വളർത്തുമൃഗങ്ങളും മറുവിളികൾ നൽകും. ഭൂമിയിൽ നമ്മുടെ വിളികൾക്ക് സ്‌നേഹത്തിന്റെ മറുവിളികൾ നൽകാൻ ആളുകളും മറ്റു ജീവനുകളുമുണ്ടെങ്കിൽ നമ്മൾ സമ്പന്നരല്ലേ? അവരുടെയും അവയുടെയും ഹൃദയത്തിൽ നമ്മളുമുണ്ടെന്നുള്ളതിന്റെ അടയാളമല്ലേ ആ മറുവിളികൾ. മറുവിളികൾ സൃഷ്ടിച്ചുവയ്ക്കാത്ത നിർഭാഗ്യജന്മങ്ങൾ അനേകമുണ്ടല്ലോ ഇവിടെ?
   (അക്കാലങ്ങളെ ഞാനോർക്കുന്നു. അമ്മ മൃദുവായി വിളിക്കും: 'അമ്മിണിയേ'... 'ഞാനിവിടെയുണ്ടേ' എന്ന അർത്ഥത്തിൽ പറമ്പിന്റെ ഏതെങ്കിലും മൂലയിൽ നിന്ന് അമ്മിണിയാട് വിളികേൾക്കും. 'കുക്കുവേ' എന്നു വിളിക്കുമ്പോൾ പൂവൻകോഴി അവന്റെ കാമുകിമാരൊത്ത് ഓടിവരും. 'നന്ദിനിയേ' എന്നു വിളിക്കുമ്പോൾ കറുമ്പിപ്പശു കരയും...)
  ലക്ഷ്മിയുടെ ഇത്തിരിവട്ടപ്രപഞ്ചത്തിൽ അവൾ റാണിയാണ്. സ്‌നേഹദാസരായ ഒരു പറ്റം വായില്ലാമൃഗങ്ങളും വിളിപ്പുറത്തുള്ള മക്കളുമായി ഒരു തികഞ്ഞറാണിയെപ്പോലെ ഈ വീട്ടിൽ, ഈ ഭൂമിയിൽ അവൾ മതിവരുവോളം ജീവിക്കണമെന്നാണെനിക്കാഗ്രഹം...
   (അച്ഛാ, സ്‌നേഹത്തിന്റെ പശക്കൂട്ടുകൾ ചേർത്ത് നിങ്ങളിരുവരും ചേർന്നു പണികഴിച്ച ഈ വീട് സ്‌നേഹബന്ധങ്ങളുടെ വിശുദ്ധമായ ഒരു കാരാഗൃഹമാണ്. ഞങ്ങൾ മക്കൾ തടവുകാരും.  ഈശ്വരനാണിതിന്റെ കാവൽക്കാരൻ. ഈശ്വരൻ  കാവൽനിൽക്കുന്ന ഈ കാരാഗൃഹം വിട്ടുപുറത്തുപോകാൻ ഇനിമേൽ ഞാൻ ശ്രമിക്കുന്നതല്ല. പോകുന്നിടത്തേക്കെല്ലാം തന്റെ വീടുകൂടി കൊണ്ടുപോകുവാൻ വിധിക്കപ്പെട്ട കട്ടിപ്പുറന്തോടുജീവികളെപ്പോലെ നമ്മൾ പോകുന്നിടത്തെല്ലാം നമ്മുടെ വീടുകൂടി കൊണ്ടുപോവുന്നുണ്ട്. നമ്മുടെ വീട് നമ്മുടെ ഉള്ളിലാണെന്നുമാത്രം! അതുകൊണ്ടുതന്നെ, ഈ ഭൂമിയിൽനിന്നു പിരിയുമ്പോഴും അച്ഛനിൽ ഈ വീടുണ്ടായിരുന്നിരിക്കണം).
   അച്ഛന്റെ പേന അനേകം മുള്ളുകളുള്ള ഒരായുധമായിരുന്നുവോ? അതെടുത്ത് ആരോ എന്റെ ആത്മാവിലേൽപിച്ച ക്ഷതങ്ങൾ എനിക്കു താങ്ങാനാവുന്നില്ല. എനിക്കിപ്പോഴീ നിമിഷം അച്ഛന്റെ പ്രണയിനിയെ, എന്റെ അമ്മയെ കാണണം.
   അമ്മയെത്തേടി ചെന്നപ്പോൾ അമ്മ ജനലഴികളിൽപിടിച്ചു തൊടിയിലേക്കു നോക്കി നിൽക്കുകയാണ്. അമ്മ വളരെ ദുർബ്ബലയായിരിക്കുന്നു. അച്ഛന്റെ പ്രിയതമ. അച്ഛൻ മരിച്ചകാലം മുതൽ, മുപ്പതു വർഷക്കാലം മക്കളെ ഒന്നുകൂടി ശക്തമായ കരുതലോടെ തന്റെ ചിറകിൻകീഴിലൊതുക്കിയ തള്ളക്കോഴി! ഇപ്പോൾ ക്ഷീണിച്ച്, കോലംകെട്ട്...
   മകന്റെ അദൃശ്യമായ സാന്നിദ്ധ്യം അനുഭവിച്ചിട്ടെന്നപോലെ അമ്മ തിരിഞ്ഞുനോക്കി. അമ്മയുടെ ചുണ്ടിലൊരു ചിരി വിരിയുന്നു. ആ ചിരിയിലൊരു വേദയുണ്ടെന്നു തിരിച്ചറിയാൻ ഒരു മകന് അമ്പത്തെട്ടു വയസ്സിന്റെ ആനുകൂല്യമൊന്നും വേണ്ടല്ലോ. ഒരു വെറും തിരിച്ചറിവിന്റെ 'ഒറ്റ' വയസ്സായാലും മതി!
   ''നമ്മളെപ്പഴാ പോണേ''? അമ്മയുടെ തളർന്ന ചോദ്യത്തിന് എന്റെ കരുത്തിന്റെ ഞരമ്പുകളെ തളർത്തുവാനുള്ള പ്രഹരശേഷിയുണ്ടായിരുന്നു.
   ഈശ്വരാ, എന്റെയുള്ളിലെ കള്ളനെ അമ്മ കണ്ടുപിടിച്ചുവോ? നാളെ സംഭവിക്കാനുള്ള കാര്യം ദീർഘദർശനം ചെയ്ത അമ്മയെ കബളിപ്പിക്കുന്നത് അമ്മയറിഞ്ഞുവോ?
    പക്ഷേ, ഒന്നുമറിയാത്തതുപോലെ ഞാൻ ചോദിച്ചു:        
    ''എങ്ങോട്ട്''?
   ''പഴയ വീട്ടിൽ നിന്നും പഴയതെല്ലാം പുറത്തെറിഞ്ഞുകളയുകയാണല്ലോ?''
   ''അതിന് അമ്മയെ എന്തു ചെയ്യുമെന്നാ''?
   ''വൃദ്ധസദനത്തിലോ മറ്റോ...''
   ഉള്ളുപൊള്ളിച്ചു കടന്നുവന്ന ഒരു നിലവിളിയെ വിലകെട്ട ഒരു ജാള്യച്ചിരിയോടെ പ്രതിരോധിച്ച് അമ്മയ്ക്കരുകിലേക്കു ചെന്നു.
   ''ഈ അമ്മയുടെ ഓരോ തോന്നലുകൾ. ആരാ അമ്മയോടങ്ങിനെ പറഞ്ഞേ?'' എന്നുപറഞ്ഞ് അമ്മയെ ആശ്വസിപ്പിക്കാനെന്നവണ്ണം ആ തോളിൽപ്പിടിച്ചുകൊണ്ടുവന്നു കട്ടിലിലിരുത്തി.
   ഞാൻ അമ്മയെ ആദ്യമായി കാണുന്നതുപോലെ നോക്കിയിരുന്നു. കാഴ്ചകളെ വലുപ്പപ്പെടുത്തിക്കാണിക്കുന്ന കണ്ണാടിയിലൂടെ നോക്കിക്കാണുന്നതുപോലെ, അച്ഛന്റെ കുറിപ്പുകളിലൂടെ ഞാനെന്റെ അമ്മയെ നോക്കിക്കാണുകയായിരുന്നു. എന്റെ അച്ഛന്റെ ജന്മസുകൃതത്തെ. ഞങ്ങളുടെയും...
   വലിവിന്റെ അസ്വസ്ഥതകളുള്ള അമ്മ ശ്വാസം കഴിക്കാൻ ബദ്ധപ്പെടുന്നുണ്ട്. എനിക്കു നിർബാധം പ്രപഞ്ചത്തെ ശ്വസിക്കുവാൻ സ്വാതന്ത്ര്യം നൽകി ഈ ഭൂമിയിലേക്കയച്ച അമ്മ, ശ്വാസം കഴിക്കുവാൻ വിഷമിക്കുകയാണ്. ഞാനാ പുറം തലോടിക്കൊടുത്തു; ഞാനാദ്യമായി ശ്വസിച്ച, രുചിച്ച, വാസനിച്ച അമ്മയെ. അമ്മയുടെ നരച്ച മുടിയിഴകൾക്ക് കാച്ചെണ്ണയുടെ സുഗന്ധം. കണ്ണുകളിൽ സ്‌നേഹത്തിന്റെ നറുവെണ്ണ. അമ്മയ്ക്കു മധുരം. അമ്മയ്ക്കു സ്‌നേഹം. പത്തുനാൽപതു വർഷത്തോളം ആഹാരമായി വിഘടിക്കപ്പെട്ട് എന്റെ മുന്നിലെത്തിയ, എന്റെ പ്രാണൻ പൂത്തുലഞ്ഞ അമ്മമരം...
   ഗിരീശാ, മകനേ, മരങ്ങൾ പറിച്ചുനട്ടാൽ തളിർക്കുകയേ ഇല്ല. തൈകൾ മുളച്ചേക്കും. മരങ്ങൾ മരങ്ങളായിക്കഴിഞ്ഞല്ലോ? അവ അവയുടെ സ്വാഭാവികതയിൽ നിലനിൽക്കട്ടെ.
   അച്ഛന്റെ കുറിപ്പുകൾ എന്റെ വെള്ളെഴുത്തു മായ്ച്ചു കളഞ്ഞിരിക്കുന്നു. എനിക്കിനി വയ്യ, എന്റെ അമ്മയെ വൃദ്ധസദനത്തിലേക്കയക്കാൻ.
   ഈ വീടുപേക്ഷിക്കാനും വയ്യ. സ്‌നേഹത്തിന്റെയും കരുതലിന്റെയും മയിൽപ്പീലികളാണിതിനുള്ളിൽ നിറയെ. പോകുമ്പോഴും വരുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ആ പീലിയിഴകൾ എന്നെ ഉഴിയുന്നു. സ്‌നേഹപ്പീലിയുഴിയലുകൾ നിറഞ്ഞ ഈ വീടകങ്ങളിൽ നിന്ന്, എന്റെ പഴയ അമ്മയെ നിന്റെയാ വെള്ളയടിച്ച ശൂന്യഗുഹാന്തരങ്ങളിലെ സ്‌നേഹമില്ലായ്മയിലേക്കും ഞാൻ കൊണ്ടുവരികയില്ല. എന്റെ അമ്മ എന്റെ അമ്മയും, നിന്റെ മുത്തച്ഛന്റെ റാണിയുമാണ്. ഇവിടിരുന്ന് എന്റെ അമ്മയ്ക്ക് ചിലപ്പോൾ നന്ദിനിയെ വിളിക്കാൻതോന്നും. കുക്കുവിനെയും അമ്മിണിയേയും വിളിക്കാൻതോന്നും... കാലത്തിന്റെ തണുത്തുറഞ്ഞ ഏതോ ഗുഹാന്തരങ്ങളിലിരുന്ന് അവ വിളികേൾക്കുന്നതിന് അമ്മ കാതോർത്തിരിക്കും. പരിണാമഗതിയിൽ മനുഷ്യഗാത്രത്തിനുള്ളിൽ അനാവശ്യമെന്നു തോന്നി, മനുഷ്യൻ മുറിച്ചുമാറ്റുവാൻ ബദ്ധപ്പെടുന്ന സ്‌നേഹമെന്ന ആ പ്രാചീനവികാരത്തെ ഉള്ളേറ്റി മൺമറഞ്ഞുപോയ അവ മറുവിളി കേൾക്കുമെന്നോർത്ത്...




2 comments:

  1. മനസ്സിനെ സ്പര്‍ശിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള് ഇതിലുണ്ട്. ഇതൊരു അനുഭവക്കുറിപ്പോ കഥയോ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സമാനമായ ചില അനുഭവങ്ങള്‍ എവിടെയോ മനസ്സിനെ സ്പര്‍ശിക്കുന്നു. അനുഭവം തന്നെയെന്നു സാക്ഷ്യപ്പെടുത്തുന്ന സംഭവങ്ങള്‍. വളരെ ഹൃദ്യമായ ശൈലിയിലുള്ള എഴുത്ത്.. വായനയില്‍ വേദനകള്‍ മനസ്സിലേക്ക് കയറിവരുമെങ്കിലും നന്മയും സ്നേഹവും അതിനെ തോല്‍പ്പിക്കുന്നു.ആശംസകള്‍

    ReplyDelete
  2. കഥയാണ്. കേസരി മാസികയിൽ പ്രസിദ്ധീകരിച്ചതാണ്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete